ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും ഒരു വിലയിരുത്തൽ
ശാസ്ത്ര സാങ്കേതികവിദ്യകളുടെ ഒരു വിസ്ഫോടനത്തിൻെറ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു പത്തോ ഇരുപതോ കൊല്ലം മുൻപ് നാം ഇന്ന് കാണുന്ന ഈ ലോകം സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല അത്രയും വലിയ മാറ്റമാണ് നമുക്ക് ചുറ്റും സംഭവിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾക്കെല്ലാം നാം ശാസ്ത്രത്തോടാണ് കടപ്പെട്ടിരിക്കുന്നത്.
ഈ വിഷയത്തിലേയ്ക്ക് കടക്കുമ്പോൾ നാം ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്, എന്താണ് ഇവിടെ ശാസ്ത്രം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. ഞാൻ ഇവിടെ Science എന്ന ഇംഗ്ലീഷ് വാക്കിന് തുല്ലയമായിട്ടാണ് ശാസ്ത്രം എന്ന് പദം ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇവിടെ പറയാൻ കാരണം നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ചില പദങ്ങളാണ് ഗൗളി ശാസ്ത്രം, ഹസ്തരേഖാ ശാസ്ത്രം, പക്ഷി ശാസ്ത്രം, ജ്യോതിഷം ഇവയെല്ലാം നമ്മുടെ നാട്ടിൽ ശാസ്ത്രങ്ങളാണ്. എന്നാൽ ഇവയൊന്നും തന്നെ Science അല്ലായെന്ന് നാം കാണേണ്ടതുണ്ട്. അപ്പോൾ എന്താണ് ഇന്ത്യൻ സാഹചര്യത്തിൽ ശാസ്ത്രം എന്നത് എന്ന് നാം കൃത്യമായി മനസിലാക്കി പോവേണ്ടതുണ്ട്. ഇവിടെ ശാസ്ത്രം എന്നാൽ ശാസിക്കപ്പെട്ടത് എന്നാണ് അർത്ഥം. അതായത് നമ്മുടെ മുൻഗാമികൾ അവരുടെ ചിന്തയിൽ നിന്നും അനുഭവത്തിൽ നിന്നും സങ്കൽപങ്ങളിൽ നിന്നും യാതൊരുവിധ തെളിവുകളുടേയും പിൻബലമില്ലാതെ രൂപപ്പെടുത്തിയ ആശയങ്ങളും പരികല്പനകളുമാണ് പിൽക്കാലത്ത് ഇന്ത്യയിൽ ശാസ്ത്രമായി രൂപപ്പെട്ടതെന്ന് നമുക്ക് കാണാൻ സാധിക്കും. ഇവിടെ നമ്മൾ ശാസ്ത്രത്തെക്കുറിച്ചല്ല Science നെ പറ്റിയാണ് സംസാരിക്കുന്നതെന്ന് ആദ്യം തന്നെ വ്യക്തമാക്കട്ടെ.
നമുക്കറിയാം മാനവചരിത്രത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടിത്തമായ ചക്രങ്ങളിൽ തുടങ്ങി തീയെ നിയന്ത്രക്കാനുള്ള സാങ്കേതിക വിദ്യ മുതൽ തുടങ്ങി ഇന്ന് നിർമിത ബുദ്ധിയിൽ എത്തി നിൽക്കുകയാണ് നമ്മുടെ ശാസ്ത്ര സാങ്കേതിക മേഖല. എന്നാൽ ഈ അറിവുകൾ എല്ലാം നേടിയെന്ന് അഭിമാനിക്കുമ്പോൾപ്പോലും ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ സമൂഹം ആർജിച്ച ശാസ്ത്രബോധം എത്രത്തോളമുണ്ടന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും അപേക്ഷികതാസിദ്ധാന്തവുമെല്ലാം ചർച്ചയാക്കുന്ന നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും എല്ലാ ദിവസത്തേയും അക്കാദമിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് പ്രാർത്ഥനയോടെയാണെന്നത് തികച്ചും നിരാശാജനകമാണ്. ഒരു അധ്യാപകനെന്നനിലയിൽ ഇതിനെ എതിർക്കാൻ എൻെറ മനസാഗ്രഹിക്കുമ്പോൾപ്പോലും നിലനിൽപ്പിന് വേണ്ടിയുള്ള ഈ സമരഭൂമികയിൽ എനിക്കും എന്നോപ്പോലെ വീർപ്പുമുട്ടുന്ന എല്ലാവർക്കുവേണ്ടിക്കൂടിയാണ് എൻെറ ഈ എഴുത്ത്.
ഇവിടെ ഞാൻ സംവദിക്കാൻ ഉദ്ദേശിക്കുന്നത് ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും നമ്മുടെ സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ്. ശാസ്ത്രജ്ഞാനം നേടിയവർ യഥാർത്ഥത്തിൽ ശാസ്ത്രബോധം ഉള്ളവരാണോ. എങ്കിൽ എന്താണ് ശാസ്ത്രജ്ഞാനം, അതുപോലെ ശാസ്ത്രബോധവും. പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ്മുറികളുൽ നിന്നും നമുക്ക് യാന്ത്രികമായി നേടാൻ കഴിയുന്നതാണ് ശാസ്ത്രജ്ഞാനം. എന്നാൽ ശാസ്ത്രബോധം എന്നത് ശാസ്ത്രത്തിൻെറ സങ്കേതങ്ങൾ ഉപയോഗിച്ച് നാം ഈ ലോകത്തെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ വികസിക്കുന്ന ഒരു മനോഭാവമാണ്. നിരന്തരം നാം നമ്മോടും പരിണാമത്തിൻെറ ഭാഗമായി നമ്മുടെ ഉള്ളിൽതന്നെയുമുള്ള സ്വാഭാവിക ചോദനകളെ വെല്ലുവിളിച്ചും കലഹിച്ചും നേടിയെടുക്കുന്നതാണ്. കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും, തെളിവുകളെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനുമുള്ള ശേഷി നേടുന്നതിനെയാണ് നാം ശാസ്ത്രബോധം എന്നുപറയുന്നത്.
നോക്കൂ നമുക്ക് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു ചിന്തയുടെ ഔന്നിത്യം കൊണ്ട് ലോകം ആരാധനയോടെ ഏറെ ബഹുമാനത്തോടെ നോക്കിയ ഒരു മനുഷ്യൻ. മാനവികതയും ശാസ്ത്രബോധവും ശാസ്ത്രീയമനോഭാവവും വളർത്തുകയെന്നത് ഏതൊരു ഇന്ത്യൽ പൗരൻേറയും കടമയാകണമെന്ന ആഗ്രഹിച്ച് ആർട്ടിക്കിൾ 51a(h) നമ്മുടെ ഭരണഘടനയുടെ ഭാഗമാക്കാൻ പരിശ്രമിച്ച സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. അദ്ദേഹത്തെപ്പോലുള്ളവരുടെ പരിശ്രമങ്ങളാണ് നമ്മൾ ഇന്ന് നേടിയ സകല പരോഗതികളുമെന്ന് ഞാൻ അടിവരയിട്ടു പറയും. അല്ലാതെ റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുൻപ് ഗണപതിഹോമം നടത്തുന്ന നമ്മുടെ ശാസ്ത്രബോധത്തിൻെറ ഒരു കണികപോലും അടുത്തുകൂടെ പോയിട്ടില്ലാത്ത നമ്മുടെ കൊട്ടിഘോഷിക്കുന്ന സാങ്കേതിക വിദഗ്ധൻമാരല്ലായെന്ന് നാം കാണേണ്ടതുണ്ട്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് പറഞ്ഞ ഗുരുദേവനെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യനെന്ന് തിരുത്തിയ, ഒരു നൂറ്റാണ്ട് മുൻപ് ശാസ്തബോധം എന്താണെന്ന് നമ്മെ പഠിപ്പിച്ച സഹോദരൻെറ നാടാണിതെന്ന് അഭിമാനത്തോടെ ഞാൻ പറയും. ഞങ്ങടെ കുട്ടികളെ സ്കൂളിൽ കയറ്റിയില്ലെങ്കിൽ നിങ്ങളുടെ പാടം തരിശുകിടക്കുമെന്നു പറഞ്ഞ അയ്യങ്കാളിയും മനുസ്മൃതി കത്തിച്ച് അംബേദ്കറും ഇന്നത്തെ പല ശാസ്ത്രജ്ഞൻമാരെക്കാളും ശാസ്ത്രബോധം ഉള്ളവരാണെന്ന് നമുക്ക് കാണാൻ കഴിയും. അതായത് ശാസ്ത്രബോധവും നമ്മുടെ വിദ്യാഭ്യസവും തമ്മിൽ വലിയ ബന്ധങ്ങളൊന്നും തന്നെ നമുക്ക് കാണാൻ സാധിക്കില്ല. എല്ലാ ദിവസവും രാവിലെ ചന്ദക്കുറിയിട്ട് അല്ലെങ്കിൽ നെറ്റിയിലെ നിസ്കാരതഴമ്പുമായി അതുമല്ലെങ്കിൽ കൊന്തയും തിരുവസ്ത്രവുമണിഞ്ഞ് ക്ലാസിൽ വന്ന് പരിണാമം പഠിപ്പിക്കുന്ന ശാസ്ത്ര അധ്യാപകരുള്ള നമ്മുടെ നാട്ടിൽ എങ്ങനെ ശാസ്ത്രബോധമുള്ള ഒരു തലമുറയുണ്ടാകും. ശാസ്ത്രബോധമുള്ള ശാസ്ത്ര അധ്യാപകരുണ്ടായാൽ മാത്രമേ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ നാളെയെങ്കിലും നമുക്ക് സൃഷ്ടിക്കാനാവൂവെന്ന് തിരിച്ചറിയോണ്ടതുണ്ട്. അതിന് ഞാൻ ഉൾപ്പെടെയുള്ള അധ്യാപകർ തയ്യാറാകണം എന്ന തിരിച്ചറിവോടെ ഞാൻ ചുരുക്കുന്നു.
Comments
Post a Comment